Saturday, August 17, 2013


സാമ്രാജ്യശക്തികളും മാധ്യമങ്ങളും ഇടതുപക്ഷ വിരോധവും
................................................................................................................................

സാമ്രാജത്വശക്തികള് മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്നുവെന്ന് ഒരു പ്രമുഖ ഇടതുപക്ഷ ചിന്തകന് ഇന്നലെ പറയുന്നത് കേള്ക്കാന് ഇടയായി. ഇന്നലെ ദുബായില് ഇടത് അനുകൂല സംഘടന (ഇടതെന്ന് അവര് സമ്മതിക്കില്ല) നടത്തിയ  മാധ്യമസെമിനാറിലായിരുന്നു അത്.

മാധ്യമപ്രവര്ത്തകരുടെ റിപ്പോര്ട്ടുകളുടെ സ്വാധീനത്തില് പെട്ട് ജനം സാമ്രാജത്വ ശക്തികള്ക്ക് അനുകൂലമാകുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതാണ് ശരിയെന്ന് വാദിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളേയും മാധ്യമപ്രവര്ത്തകരേയും അടച്ചാക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്.

പക്ഷെ അത്തരത്തില് അടച്ചാക്ഷേപിക്കേണ്ട സാഹചര്യം ഇല്ലെന്ന് ഉറപ്പിച്ചു പറയാം. മാധ്യമപ്രവര്ത്തകര്ക്കിടയിലും കള്ളനാണയങ്ങള് ഉണ്ടെന്ന് ഉറച്ചു തന്നെ വിശ്വസിക്കുന്നു. എങ്കിലും കഴിഞ്ഞ 12 വര്ഷമായി ഈ മേഖലയില് പ്രവര്ത്തിക്കുന്നവര് എന്ന നിലയില്  ചിലത് പറയാതെ വയ്യ.

മേല്പ്പറഞ്ഞ വ്യക്തി, മുന്പ് സി.പി.എമ്മിലെ വിഭാഗീതയതയില് മുതലാളിത്ത സ്വഭാമുള്ള ഭാഗത്തിന്റെ പക്ഷം പിടിച്ച് മറുവശത്തെ നേതാവിനെ കണക്കറ്റ് വിമര്ശിച്ചയാളാണ്.

കമ്മ്യൂണിസ്റ്റുകളുടെ വീഴ്ചകള് ചൂണ്ടിക്കാണിക്കാന് അദ്ദേഹം മുതിര്ന്നില്ല എന്നതാണ് സംഭാഷണത്തിലെ വലിയ പാളിച്ച.

സിംഗൂരില് പാവപ്പെട്ട കര്ഷകര് വെടിയേറ്റുമരിച്ചപ്പോള് പ്രതിസ്ഥാനത്ത് പ്രസ്തുത പാര്ട്ടിയായിരുന്നു എന്ന് അദ്ദേഹം മറന്നു. ആ പാവപ്പെട്ട കര്ഷകര് ഏത് സാമ്രാജത്വ ശക്തിയുടെ പ്രതിനിധികളാണ് എന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതായിരുന്നു.

കമ്യൂണിസ്റ്റുനേതാക്കളുടെ പ്രവര്ത്തന ശൈലിയിലും നിലപാടുകളിലും വന്ന വ്യതിയാനം ചര്ച്ച ചെയ്യപ്പെടേണ്ടതു തന്നെയല്ലെ. ഇക്കൂട്ടരുടെ വലതുപക്ഷ ചായ്വ് ചൂണ്ടിക്കാണിച്ചപ്പോഴാണല്ലോ കേരളത്തിലെ മാധ്യമങ്ങള്ക്കെതിരായ ആക്ഷേപങ്ങള് ഇടതുപക്ഷ ബുദ്ധിജീവികള് ഉന്നയിക്കാന് തുടങ്ങിയത്.

സാമ്രാജത്വ അജണ്ടകള് ചെറുത്തു തോല്പ്പിക്കേണ്ടതു തന്നെയാണെന്നുളള നിലപാടുകാരനാണ് ഞാനും.

പക്ഷെ അതില് തങ്ങള് മാത്രമാണ് പോരാട്ടം നടത്തുന്നത് എന്ന് ഇടത് ബുദ്ധിജീവികള് എന്ന് സ്വയം ചിന്തിക്കുന്നവര് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

തൊഴിലാളിവര്ഗ്ഗ് പ്രസ്ഥാനങ്ങള് ഇന്ന് എന്തുകൊണ്ട് അടിസ്ഥാനവര്ഗ്ഗത്തില് നിന്നും അകന്നു പോകുന്നുവെന്ന് അന്വേഷിക്കുകയും അതിന് പരിഹാരം നിര്ദ്ദേശിക്കുകയുമല്ലെ ഇവര് ചെയ്യേണ്ടത്. അല്ലാതെ സ്വന്തം തെറ്റുകുറ്റങ്ങള് ചൂണ്ടിക്കാണിക്കുന്നവരെ ആക്രമിക്കുകയാണോ? സ്വയം വിലയിരുത്തേണ്ടതാണ്.

എല്ലാ ബഹുമാനവും നിലനിര്ത്തിക്കൊണ്ടു പറയട്ടെ, മുന് അധ്യാപകനായ ഈ ബുദ്ധിജീവിക്കു ശേഷം സംസാരിക്കാന് അവസരം ലഭിച്ച മുതിര്ന്ന മാധ്യമപ്രവര്ത്തകന് എല്ലാ ആരോപണങ്ങളും ശിരസ്സുനമിച്ച് സമ്മതിച്ചുകൊടുത്തു എന്നുള്ളത് എന്നെ അല്ഭുതപ്പെടുത്തി. മാത്രമല്ല, അദ്ദേഹം കൂടുതല് ആരോപണങ്ങള് മാധ്യമ പ്രവര്ത്തകര്ക്കുമേല് ഉന്നയിക്കുകയും ചെയ്തു.

അങ്ങനെയെങ്കില് താന് ചെയ്യുന്ന പണി നിര്ത്തേണ്ട ഒരു ധാര്മ്മകത അദ്ദേഹത്തിനില്ലെ? അതോ കേള്ക്കുന്നവരുടെ അഭിരുചിക്കനുസരിച്ച് എന്തും പറയാവുന്ന തരത്തില് വളയുന്ന ഒന്നാണോ നട്ടെല്ല്? ഇതുതന്നെയല്ലെ പ്രീണനം എന്നു പറയുന്നത്. മാധ്യമങ്ങള് ഇടതുപക്ഷത്തിന്റേതെന്നല്ല, ഏതു പക്ഷത്തിന്റേതായാലും തെറ്റുകള് ചൂണ്ടിക്കാണിക്കുന്നത് തെറ്റുചെയ്യുന്നവര് ശിക്ഷിക്കപ്പെടാനും അത് ആവര്ത്തിക്കപ്പെടാതിരിക്കാനുമാണ്.

തെറ്റുകള് തിരുത്തുന്നതിനു പകരം അത് ചൂണ്ടിക്കാണിക്കുന്നവരെ അടച്ചാക്ഷേപിക്കുന്നതാണ് സാമ്രാജത്വ സമാനമായ നിലപാട്.